Monday, March 14, 2011

നേരം വെളുക്കാത്ത നാട് .................!!!!

ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് സൂര്യനുദിക്കാത്ത ഒരു നാടിനെക്കുറിച്ചല്ല. മറിച്ച്,, ഉദയ സൂര്യന്‍ തന്‍റെ പൊന്‍ കിരണങ്ങള്‍ ആദ്യം തൊട്ടുണര്‍ത്തുന്ന ഒരു പക്കാ നാട്ടിന്‍ പുറത്തെ കുറിച്ച് .....! കാടും കാട്ടു മൃഗങ്ങളും , കാട്ടരുവികളും ഇടവഴികളും ഓല മേഞ്ഞ കൊച്ചു കൂരകൾ മുതല്‍ വലിയ വലിയ കോണ്ക്രീറ്റ്.    കാടുകള്‍ വരെ തൊട്ടുരുമ്മി പരസ്പരം സൗഹൃദ വലയം തീര്‍ക്കുന്ന ഒരു കൊച്ചു നാട് .....! അല്ല കാട്.....!അതെ ആ നാടിന്‍റെ പേരാണ് കരേക്കാട്‌......! പേര് പോലെ തന്നെ ഒരു തനി കാട്ടിന്‍പുറം.


ഞാന്‍ വസിക്കുന്ന എന്‍റെ സ്വന്തം നാടിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ഒരു പ്രദേശമാണിത് .അത് കൊണ്ട് തന്നെ എന്നെ ഒരു തനി കരേക്കാടന്‍ ആയി കാണാനാണ് ടൗണിലെ എന്‍റെ സുഹൃത്തുക്കള്‍ക്ക് താല്‍പര്യം !.എന്‍റെ വീട്ടില്‍  നിന്നും കരെക്കാട്ടെക്കുളള ദൂരം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഞാന്‍ അളന്നു തിട്ടപ്പെടുത്തി കൊടുത്തെങ്കിലും അവരാ പേര് എന്നെ വീണ്ടും വീണ്ടും വിളിച്ചുകൊണ്ടിരുന്നു .

കേരളത്തിലെ ആയുര്‍വേദത്തിന്‍റെ ജന്മസ്ഥല മായ കോട്ടക്കലിലാണ് എന്‍റെ വല്ലിപ്പ അപ്പൂപ്പന്മാര്‍ ജനിച്ചതെങ്കിലും അവിടെനിന്നും ഇങ്ങോട്ട് താമസം മാറുകയായിരുന്നു .അത് കൊണ്ട് തന്നെ കുടുംമ്പക്കാര്‍ക്കിടയിലും ഞങ്ങള്‍ കരേക്കാട്ടെ കാക്കാന്‍റെ പേരക്കുട്ടികളായി മാറി . ആദ്യമൊക്കെ ഞാന്‍ കരേക്കാട്ടുകാരന്‍ അല്ലെന്നു  സമര്‍ത്തിക്കുമായിരുന്നു . പക്ഷെ എന്‍റെ പ്ലസ്ടു പഠനകാലത്തെ എന്‍റെ മലയാളം അധ്യാപകന്‍ എന്‍റെ ബന്ധു ആയതു ഏതോ മുജ്ജന്മ പുണ്യം !. 

ക്ലാസ്സിലിരുന്നുള്ളള എന്‍റെ വാചകമടി സഹിക്കാന്‍ വയ്യാതെ അദ്ദേഹം ആ ബ്രഹ്മാസ്ത്രം എടുത്തങ്ങു പ്രയോഗിച്ചു ! ആ ഒരു അസ്ത്രത്തിനെ എന്‍റെ നാവിനെ പിടിച്ചു കെട്ടാന്‍ കഴിയൂ എന്ന് പുളളിക്ക് ആരോ ഗീതോപദേശം നല്‍കിയ പോലെ !. അത് മറ്റൊന്നുമല്ല ,." കരേക്കാട്ടേരാ  ഒന്ന് മിണ്ടാണ്ടിരി " .. എന്ന് പറഞ്ഞ് തുടങ്ങിയ മൂപ്പരുടെ കമ്ന്‍റ് കേട്ട എന്‍റെ സുഹൃത്തുക്കള്‍ക്കും സുഹൃത്തികള്‍ക്കും എന്‍റെ നാടിനെക്കുറിച്ചറിയാന്‍    ആകാംഷ ! .... അതുവരെ എന്‍റെ വായിട്ടലക്കലിനു പ്രോത്സാഹനം തന്ന അവര്‍ എന്നെ തിരിഞ്ഞു കൊത്താന്‍ തുടങ്ങി !. അപ്പോഴാണ് എനിക്ക് സര്‍ ഇസാക്ക് നൂട്ടന്‍റെ ലോ ഓഫ് മോഷന്‍ ഓര്‍മ്മ വന്നത് !

എന്നെ കൊത്താന്‍ തക്കം പാര്‍ത്തിരുന്ന എന്‍റെ കൂട്ടുകാര്‍ക്കു അപ്പോഴാണ് ഒരു കച്ചിത്തുരുമ്പ് വീണു കിട്ടുന്നത് ! എന്‍റെ മലയാളം ടീച്ചര്‍ ആ നാടിന്‍റെ എനിക്കുപോലുമറിയാത്ത ഗുണ  ഗണങ്ങള്‍ വിവരിക്കാന്‍ തുടങ്ങി . ആവനാഴിയിലെ അസ്ത്രമെല്ലാം തീര്‍ന്നു പോയ യോദ്ദാവിനെപോലെ ഞാന്‍ നിന്ന് വിയര്‍ത്തു . ആ അദ്യാപകന്‍ മലപ്പുറം ജില്ലയിലെ ആദ്യത്തെ മുസ്ലിം സംസ്കൃത ബിരുദധാരി ആണുപോലും !. അദ്ദേഹം അവതരിപ്പിച്ച കരേക്കാടിനെക്കുറിച്ചുളള കഥകള്‍ ഞാന്‍ ചുരുക്കി നിങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു .

ഒരുദിവസം വളാഞ്ചേരി ടൗണിലേക്ക് ആകസ്മികമായി എത്തിപ്പെട്ട ഒരു കരേക്കാട്ടുകാരന്‍ അവിടെയുളള ഒരു ഉപകരണം കണ്ട് അത്ഭുതസ്തബ്ദനായി പോലും !ആ വസ്തു വെറുതെ നിന്ന് തിരിയുന്നു ! ഇതേതോ വല്യ കറാമത്തുളള വസ്തുവാണെന്ന് കരുതിയ അയാള്‍ നാട്ടിലേക്കോടി !.
നാട്ടിലെത്തിയ അയാള്‍ കിതച്ചു  കൊണ്ട് നാട്ടുകാരോടായി പറഞ്ഞു " വളാഞ്ചേരിണ്ട് മക്കളെ ഹിക്മത്തിന്‍റെ വീസിപ്പാള"! നാട്ടുകാര്‍ക്ക്‌ അത്ഭുതം ! എന്നാ അതൊന്നു കണ്ടിട്ട് തന്നെ ബാക്കി കാര്യം ! എല്ലാവരും കൂടി വളാഞ്ചേരിയിലേക്ക് വച്ചുപിടിച്ചു . ടൗണില്‍ എത്തിയ എല്ലാവര്ക്കും ആശ്ചര്യം ! അവരുടെ   ഹിക്മത്തിന്‍റെ വീസിപ്പാള മറ്റൊന്നുമല്ല ,,, നമ്മുടെ സ്വന്തം ഫാന്‍ !!!!!

വീസിപ്പാള  എന്ന് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും അറിയില്ലായിരിക്കും ,, പണ്ട് നമ്മുടെ കാരണവന്മാര്‍ ചൂട് അസഹ്യമാകുമ്പോള്‍ കവുങ്ങിന്‍റെ പാള വെട്ടിമുറിച്ച് അതുകൊണ്ടൊരു കൊച്ചു ഫാനുണ്ടാക്കും.കറണ്ടില്ലാതെ സ്വന്തം കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പഴയ കാലത്തിന്‍റെ കണ്ടെത്തല്‍ !. ഇന്നതിന് മാത്രമല്ല കവുങ്ങിന് പോലും വംശനാശം സംഭവിച്ചിരിക്കുന്നു !

ഓട്ടോറിക്ഷക്ക്‌ വെളളം കാട്ടിയവര്‍ എന്ന മറ്റൊരു പേരുകൂടിയുണ്ട്  കരേക്കാട്ടുകാര്‍ക്ക്,, ആദ്യമായി  ഓട്ടോറിക്ഷ കണ്ട ഒരു കരേക്കാട്ടുകാരന്‍ ഒരു ബക്കറ്റു കഞ്ഞിവെ ളളവുമായി ഓടിയെത്തി പോലും ! അയാള്‍ വിചാരിച്ചത് അതൊരു സങ്കരയിനം പശു ആണെന്നാണ് പോലും !

ഇങ്ങിനെ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട് ഞാന്‍ . പക്ഷെ പലതും കെട്ടുകഥകളായിരുന്നു താനും . ചിലതൊക്കെ സത്യങ്ങളും !. ഇന്നിപ്പോ ഈ നാടും ഒരുപാടു മാറി . ടാറിട്ട റോഡും , കറണ്ടും , ബസ്‌ സര്‍വീസുമൊക്കെയായി ഒരുപാടു വികസനം !.പക്ഷെ ആ പേര് മാത്രം പോയില്ല . കരേക്കാട്ടെര്‍ക്ക്  നേരം വെളുത്തിട്ടില്ല എന്ന പഴയ ചൊല്ലിനു പകരം " കരേക്കാട്ടെര്‍ക്കടക്കം നേരം വെളുത്തു ,എന്നിട്ടും നിനക്ക് വെളുത്തില്ലേ " എന്നായിമാറി !.

ഇതുപോലുളള ഒരു പാട് കഥകള്‍ പറയാനുണ്ടാകും കേരളത്തിലെ ഓരോ കൊച്ചു   ഗ്രാമങ്ങള്‍ക്കും . കഥാപാത്രങ്ങള്‍  മാറുമെന്നല്ലാതെ കഥാതന്ധു മാറില്ല ! പലതും ഓര്‍മ്മപ്പെടുത്തുന്ന ആ പഴയ കാലം !!
ഇന്നതൊരു നഷ്ട്ട സ്വപ്നം മാത്രം !! പെയ്തു തോര്‍ന്ന മഴപോലെ !!!!!                    

Monday, February 28, 2011

എന്‍റെ കൂട്ടുകാരന്‍ .........

ഈ കഥയിലെ എന്‍റെ കൂട്ടുകാരന്‍ മറ്റാരുമല്ല .... എന്‍റെ സ്വന്തം അനിയന്‍ ( എളാപ്പാന്‍റെ  മകന്‍ ) തന്നെ . എന്നേക്കാള്‍ വെറും 15 ദിവസത്തിന് ഇളയതായ അവന്‍ പക്ഷെ വീട്ടുകര്‍ക്കിടയില്‍ തനി ബുദ്ധൂസായാണ് പെരുമാറാറ്. അവന്‍റെ ചെയ്തികള്‍ എനിക്ക് പലപ്പോഴും അനുഗ്രഹമായിരുന്നു , കാരണം ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താലും അതവന്‍റെ മുകളില്‍ കെട്ടിവെക്കും .


ഒന്നില്‍ മുതല്‍ ഒന്നിച്ചായിരുന്നു ഞങ്ങളുടെ പഠനം ! സ്കൂളില്‍ പോകാതിരിക്കാന്‍ അവന്‍ പല വിദ്യകളും മയാജാലങ്ങളും കാണിക്കുമായിരുന്നു . രാവിലെ എണീറ്റ്‌ പാട വരമ്പിലൂടെ മദ്രസയില്‍ പോയി 9 മണിയോടെ വീട്ടില്‍ തിരിച്ചെത്തി കഞ്ഞി കുടിച്ച് വലിയ ഉണ്ടപ്പെട്ടിയും ചുമലിലേറ്റി വീണ്ടും സ്കൂളിലേക്ക് നടന്നു   പോകേണ്ട ഗതികേട് കൊണ്ടാണ് അവന്‍ ഇമ്മാതിരി തരികിടകള്‍ ഒപ്പിക്കുന്നത് . രാവിലെ മദ്രസയില്‍ പോകാതിരിക്കാന്‍  തന്‍റെ വലത്തേ കാല് കൂട്ടിപ്പിടിച്ച് ," എന്‍റെ കാല് നീരുന്നില്ലേ " എന്ന് പറഞ്ഞു അവന്‍ നിലവിളക്കും . അതോടുകൂടി അന്നത്തെ അവന്‍റെ ട്രിപ്പ്‌ ക്യാന്‍സല്‍ ആവും . പാവം ഞാന്‍ ഒറ്റയ്ക്ക് മദ്രസയില്‍ പോകേണ്ട ഗതികേട് , പക്ഷെ ഞാനുണ്ടോ വിടുന്നു .......... ! എന്നെ എന്‍റെ ഉമ്മ പറഞ്ഞു പേടിപ്പിക്കാറുളള ചിരട്ട മാലയും അടിയും ! കളളമടി കൊണ്ട് മദ്രസയില്‍ പോയില്ലെങ്കില്‍ ഉസ്താദും മറ്റു കുട്ടികളും ഒരുമിച്ച്  വീ ട്ടിലെത്തി ചിരട്ട മാലയിട്ടു മദ്രസയിലേക്ക് ആനയിക്കും പോലും ! പ്രാകൃതമായ ശിക്ഷ ! ഞാന്‍ ഇതിനെതിരെ രോഷം കൊളളാറുണ്ടായിരുന്നു. പക്ഷെ എന്ത് കാര്യം ! എന്‍റെ പരാതി  ആര് കേള്‍ക്കാന്‍ ? എന്‍റെ അനിയനല്ലാതെ ...........!


എന്‍റെ ഉമ്മയെ സമ്പന്തിച്ചിടത്തോളം സ്കൂളില്‍ പോയില്ലെങ്കിലും മദ്രസയില്‍ പോയേ തീരൂ ! കാരണം ഞാന്‍ മദ്രസയില്‍ പോയില്ലെങ്കില്‍ , ഇല്‍മ് ( മത പഠനം ) പഠിച്ചില്ലെങ്കില്‍ , അതിനു   നാളെ ഉമ്മ പടച്ചോനോട് മറുപടി പറയണം പോലും !. ഇല്‍മ് പഠിക്കാന്‍ പോയിട്ട് ദുല്‍മ് കളിക്കരുതെന്ന് എന്‍റെ ഉമ്മ എപ്പോഴും   എന്നെ ഉപദേശിക്കും .


മദ്രസയില്‍ എന്നും ഞാന്‍ ഒന്നാം സ്ഥാനക്കാരനയിരുന്നു. അനിയന്‍ അവസാന സ്ഥാനക്കാരനും ! അവന്‍റെ അപിപ്രായത്തില്‍ ഞാനും അവനും ഒരേ റാങ്ക് ആണ് ! എനിക്ക് മുന്നില്‍ നിന്നും അവനു ബേക്കില്‍ നിന്നും!. അവനതില്‍ പരാതി ഇല്ലായിരുന്നു, കാരണം   അവനെക്കൊണ്ട്‌ അത്രയൊക്കെയേ പറ്റൂ എന്നാ അവന്‍റെ വിചാരം .

പലപ്പോഴും സ്കൂളിലേക്കുളള വഴിയില്‍ കോട്ടി കളിച്ചിരുന്ന്  സ്കൂള്‍ സമയം തീര്‍ന്നെന്നുറപ്പാക്കി വീട്ടില്‍ തിരിച്ചെത്താറായിരുന്നു    പതിവ് . പക്ഷെ അതും ആരോ വീട്ടില്‍ ചോര്‍ത്തിക്കൊടുത്തു.

ആ ഇടക്കാണ്‌ അവനു അപ്പന്റ്റിക്സിന്‍റെ അസുകം വരുന്നതും ഒരു വര്‍ഷം വീട്ടിലിരിക്കേണ്ടി വരുന്നതും . അപ്പോഴേക്കും ഞാന്‍ അടുത്ത ക്ലാസ്സിലെത്തിയിരുന്നു . രോഗം മാറി അവന്‍ തിരിച്ചെത്തിയത്‌ പഴയതിനേക്കാള്‍ നല്ല തരികിടകളോടെയായിരുന്നു. ഞാന്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍  അവന്‍ എട്ടാം ക്ലാസ്സില്‍ തോറ്റിരുന്നു .

പത്തിലേക്ക് നേരിട്ടെത്താന്‍ തനിക്കു കഴിയില്ലെന്ന സത്യം മനസ്സിലാക്കിയ അവന്‍ സ്കൂള്‍ മാറി നേരിട്ട് പത്തില്‍ ചേര്‍ന്നു.അങ്ങിനെ എട്ടും ഒമ്പതും പാസ്സാകാതെ തന്നെ പത്തിലെത്താമെന്നു അവന്‍ തെളിയിച്ചു . ഞാന്‍ രണ്ടു വര്‍ഷം വെറുതെ കളഞ്ഞതില്‍ അവനും എനിക്കും സങ്കടം !

മൂന്നു പ്രാവിശ്യത്തെ നിതാന്ത പരിശ്രമം കൊണ്ട് അവന്‍ ഒരു വിധത്തില്‍ പത്താം ക്ലാസ്സ്‌ പാസ്സായി ചരിത്രം സൃഷ്ട്ടിച്ചു . ഞാനും വീട്ടുകാരും ടീച്ചര്‍മാരും അവനെ വാനോളം പുകഴ്ത്തി . പക്ഷെ അവനെ പ്ലസ്‌ടുവിനയച്ചു സമയവും പണവും കളയെണ്ടെന്ന് വീട്ടുകാര്‍ തീരുമാനിച്ചതിനെ ഞാനും അനുകൂലിച്ചു . കാരണം അവനു ഞാന്‍ പഠിച്ച കോളേജില്‍ തന്നെ പഠിക്കണം പോലും ! രണ്ടു വര്‍ഷം കഷ്ട്ടപ്പെട്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത സല്‍പ്പേര് ഒരൊറ്റ ദിവസം കൊണ്ട് അവന്‍ പോളിച്ചടക്കുമെന്നു എനിക്ക് നല്ല ബോധഽമുണ്ടായിരുന്നു .   

ഏതോ മുജ്ജന്മ പുണ്യം കൊണ്ടാണ് ജയിച്ചു കയറിയതെന്ന വിചാരമൊന്നും അവനില്ല ! അവനു പഠിക്കണം പോലും ! പത്തു വര്‍ഷം കിട്ടിയിട്ട് ചെയ്യാത്ത പണി ഇപ്പോഴോ ?? എന്നാ പിന്നെ അവന്‍ വല്ല ടെക്നിക്കല്‍ കോഴ്സും പഠിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു . വീട്ടിലുളള എല്ലാ യന്ത്ര സാമഗ്രികളും കേടുവരുത്തി നന്നാക്കുന്നതില്‍ അവന്‍ മിടുക്കനായിരുന്നത് കൊണ്ട് ആ നറുക്ക് വീണു . പക്ഷെ ITC  യിലെത്തി വിവിധ കോഴ്സുകളുടെ വിലവിവരപ്പട്ടിക കണ്ട അവന്‍റെ ഉമ്മ ഞെട്ടി ! ഇത്രയും പണം മുടക്കി ഇവനെ ഈ കോഴ്സിനു ചേര്‍ക്കുന്നതിനു പകരം ഒരു പവന്‍ സ്വര്‍ണം വാങ്ങിയാല്‍ അവന്‍റെ തന്നെ പെങ്ങളെ കെട്ടിക്കാന്‍ ഉപകരിക്കുമെന്ന്  ഉമ്മ പറഞ്ഞു . പക്ഷെ അവനുണ്ടോ വിടുന്നു !

ആറ്റു നോറ്റ് ഒന്ന് പാസായപ്പോ ! അവന്‍ മുറുമുറുത്തു . അവസാനം ഗത്യന്ദര മില്ലാതെ ഏറ്റവും കുറഞ്ഞ ഫീസുളള പ്ലംബിങ്ങിനു ചേര്‍ത്ത് അവന്‍റെ ഉമ്മ തടിയൂരി .ക്ലാസിനു പോയിതുടങ്ങിയപ്പോഴാണ് പുളളിക്ക് കാര്യം പിടികിട്ടിയത് .ഇതൊരു ബാലികേറാമലയാണെന്ന സത്യം അവന്‍ തിരിച്ചറിഞ്ഞു .പക്ഷെ വീട്ടുകാരുണ്ടോ വിടുന്നു !. ക്ലാസിനു പോയി എന്നല്ലാതെ അത് പാസാകാന്‍ അവനു കഴിഞ്ഞില്ല . അത് ചോദിച്ചാല്‍ അവന്‍ പറയും " ഞാന്‍ ഉദ്ദേശിച്ചത് ഇലക്ട്രോണിക്സ് ആണെന്ന് ! പിന്നെ ഇംഗ്ലീഷൊന്നും അവനു മനസ്സിലാകുന്നില്ല പോലും !"

അങ്ങിനെ ആ ഉദ്യമം ഉപേക്ഷിച്ചു അവന്‍ ഒരു കടയില്‍ ജോലിക്ക് കേറി . എനിക്കുളള എല്ലാ പരിപാടികള്‍ക്കും ഞാന്‍ അവനെ കൊണ്ട് പോകുമായിരുന്നു  . എന്താ അനിയന്‍ ചെയ്യുന്നതെന്ന ചോദ്യത്തിന് അവന്‍ തന്നെ കയറി മറുപടി പറയും " ഞാനിപ്പോ ഡിഗ്രി സെകന്റ് ഇയറാ" . നീ എന്തിനാ കളളം പറയുന്നതെന്ന് ചോദിച്ചാ അവന്‍ പറയും " നിനക്ക് മോശമാകേണ്ട എന്ന് കരുതിയാണെന്ന് "

ഒന്ന് രണ്ടു വര്‍ഷത്തിനു ശേഷം അവനും വന്നു വിസ ! അങ്ങ് ദുഫായിലോട്ട്! അവനു തീരെ താല്‍പ്പര്യമില്ല . പക്ഷെ വേറെ നിവൃത്തിയില്ലെന്ന് അവനറിയാം . പഠിച്ചതോ  ഇല്ല , ഇനി രണ്ടു പെങ്ങന്മാരെ കൂടി കെട്ടിച്ചയക്കാന്‍ അവന്‍ പോയെ തീരൂ ! അതവനറിയാം. അങ്ങിനെ എന്‍റെ എല്ലാമെല്ലാമായ അവനും എന്നോട് ബൈ പറഞ്ഞു പറന്നു പോയി ! 


ഇപ്പൊ അവന്‍ ഷൈകിന്‍റെ PA   ആണെന്നൊക്കെയാണ് പറയാറ്‌. അവന്‍റെ കീഴില്‍ 20   ഓളം ജോലിക്കാരുണ്ട്   പോലും ! അപ്പൊ എന്താ നിന്‍റെ പണി എന്ന് ചോദിച്ചപ്പോ അവന്‍ പറയാ " ഞാന്‍ ഈത്തപ്പനയില്‍ കയറി ഈത്തപ്പഴം പറിക്കും എന്‍റെ കീഴെ ഉളള 20  ആളുകള്‍ അത് പെറുക്കിയെടുക്കും " !.അവന്‍റെ കീഴില്‍ 20  ആളുകള്‍ ഉണ്ടെന്നു പറഞ്ഞത് ഇതാണ്  പോലും!



           

                   

Monday, February 7, 2011

ശ്രദ്ധ തിരിക്കൂ .........


അങ്ങിനെ ആ പെങ്ങളും യാത്രയായി ......! മലയാളിയുടെ മനുഷ്യത്തമില്ലാത്ത ക്രൂര മുഖം വലിച്ചു ചീന്തി...........! 

ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ , നമ്മുടെ തൊട്ടടുത്ത്‌ , ഒരു ചങ്ങലക്കരികെ ഒരു പെങ്ങളുടെ ജീവനും മാനവും നിഷ്ടൂരമായ രീതിയില്‍ കവര്‍ന്നെടുക്കപ്പെട്ടപ്പോള്‍ മലയാളിക്ക് എന്താണ് പറയാനുളളത്?

റയില്‍വേയുടെ നിസ്സംഗതയോ ? അതോ ?
മലയാളിയുടെ മനുഷ്യത്തമില്ലായ്മയോ?.........

ഉത്തരം രണ്ടായാലും സംഭവിച്ചത് സത്യമാണ് .... നഷ്ട്ടപ്പെട്ടത്‌ ആ കുടുംബത്തിനും !
കണ്മുൻപിലുളള ക്രൂരത   കൺകുളിര്‍ക്കെ കണ്ടിട്ടും മലയാളി എന്തുകൊണ്ട് പ്രതികരിക്കുന്നില്ല ??.... 15 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു പെണ്‍വാണിഭക്കേസിനു വേണ്ടി മുഴുവന്‍ സമയ പ്രചാരണം നടത്തുന്ന നമ്മുടെ മുഖ്യ ധാരാ മാധ്യമങ്ങള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ ഒരു കാല്‍ കോളം മാത്രം അച്ചു നിരത്തി ??....



പെണ്ണിനെ ജനിക്കുന്നതോടെ കുഴിച്ചു മൂടിയിരുന്ന കറുത്ത കാലഘട്ടത്തില്‍ നിന്നും ഒട്ടും മാറിയിട്ടില്ല  നമ്മുടെ ഇന്നത്തെ പുതിയ തലമുറ എന്ന് ഞാന്‍ ഒരു ബ്ലോഗിലെഴുതിയപ്പോള്‍ , അത്രക്കൊന്നും മോശമല്ല മലയാളി എന്ന് പ്രതികരിച്ച എന്‍റെ ചില സുഹൃത്തുക്കള്‍ ഇത് കാണുന്നില്ലേ ???? അതോ കണ്ടില്ലെന്നു നടിക്കുകയാണോ ????

മലയാളിയുടെ നൂറുമേനി സാക്ഷരത എന്തിന്‍റെ പേരിലാണ് നാം കൊണ്ടാടുന്നത് ? സ്വന്തം അമ്മയോ , പെങ്ങളോ , ഭാര്യയോ അല്ലാത്തവരെയൊക്കെ കാമ വെറിയോടെ നോക്കുന്ന അവസ്ഥയിലേക്ക് നാം മലയാളികള്‍ എത്തപ്പെട്ടിരിക്കുന്നു !.

എന്‍റെയോ നിങ്ങളുടെയോ പെങ്ങള്‍ക്കായിരുന്നു ഈ അവസ്ഥ വന്നിരുന്നതെങ്കില്‍ നാം എന്ത് പറയുമായിരുന്നു ?. ഓരോ പെണ്ണും സ്വന്തം പെങ്ങളാണെന്ന് , വല്ല ബോധ്യവും ഉണ്ടെങ്കില്‍ താനീ ഭൂമുകത്തേക്ക് കടന്നു വന്നത് പെണ്ണായി പിറന്ന ഒരു മാതാവിന്‍റെ ഗര്‍ഭാശയത്തില്‍ നിന്നാണെന്ന ബോധവും വിശ്വാസവും നമുക്കുണ്ടെങ്കില്‍ നാം ഈ ക്രൂരതക്കെതിരെ അണിചെരേണ്ടതുണ്ട്....!
ഇതൊരു ബാധ്യതയായി സമൂഹം ഏറ്റെടുക്കണമെന്ന് ഞാന്‍ എന്നോടും നിങ്ങളോടും ആവശ്യപ്പെടുന്നു ....   

Thursday, February 3, 2011

തേന്‍ വീട് .............

കുട്ടിക്കാലത്തെ കുറിച്ചുളള ചിന്തകള്‍ നമ്മെ ഓരോരുത്തരെയും ഒരുപാട്  സന്തോഷിപ്പിക്കാറുണ്ട് . അതിലുപരി  നാം  ചെയ്ത വിഡ്ഢിത്തങ്ങള്‍  നമ്മോടു   തന്നെ  കൊഞ്ഞനം  കുത്താറുമുണ്ട്.പക്ഷെ  അതൊക്കെ  അന്നിന്‍റെ ശരികളായിരുന്നു. ബുദ്ധിയും വിവേകവും ഉറക്കാത്ത കാലത്ത് നാം ചെയ്ത മണ്ടത്തരങ്ങള്‍ !. പക്ഷെ അതാലോചിക്കുന്നതിലും   എഴുതുന്നതിലുമുണ്ടൊരു നര്‍മ്മത്തിന്‍റെ    പരിഹാസ്യത . എന്നാലും അതിലൊരു സുഖമുണ്ട്, ഓര്‍മ പ്പെടുത്തലിന്‍റെ !, ചാടിക്കടന്ന ചാലിന്‍റെ !, നീന്തിക്കടന്ന  പുഴയുടെ!, എണ്ണിതീര്‍ത്ത നക്ഷത്രങ്ങളുടെ!, പാടിതീര്‍ത്ത വരികളുടെ !, നൊമ്പരങ്ങളുടെ കഥ !.


നെല്ലും നെല്‍പ്പാടങ്ങളും നിറഞ്ഞ എന്‍റെ കുട്ടിക്കാലം , ഒരുനേരത്തെ വിശപ്പടക്കാന്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ട എന്‍റെ നാട്ടുകാരും , സ്വന്തമായി നെല്‍പ്പാടമുളളത് കൊണ്ട്  ദിവസവും കഞ്ഞി കുടിക്കാനുളള ദൈവത്തിന്‍റെ അനുഗ്രഹം എന്നെ തെല്ലൊന്നുമല്ല അഹങ്കരിപ്പിച്ചത്. കൊയ്തെടുത്ത വയ്ക്കോലിന്‍റെ കുന്നിലേക്ക് നുഴഞ്ഞു കയറി കളളനും പോലീസും കളിച്ചതും , നെല്ലറയില്‍ പോയി ഒളിച്ചിരുന്നതിനു തല്ലു വാങ്ങിയതും മറക്കാത്ത ഓര്‍മയായി ഇന്നും എന്‍റെ മനസ്സിലുണ്ട് . 


പാലമില്ലാത്ത തോട് മുറിച്ചുകടക്കാനുളള വ്യഗ്രതയില്‍ അടിതെറ്റി തോട്ടില്‍ വീണതും , വീണത്‌ ആയുധമാക്കി സ്കൂളിലേക്ക് പോകാതിരിക്കാനുളള ഒരു വഴിയായി അതിനെ കണ്ടതും , അവസാനം എന്‍റെ കണ്ടുപിടുത്തം ഉമ്മ മനസ്സിലാക്കിയതും  അധികം വൈകാതെയായിരുന്നു. പലപ്പോഴും ഞാന്‍ എന്‍റെ ഉമ്മാനോട് പറയാറുണ്ട് ... നിങ്ങള്‍ IAS പരീക്ഷക്കിരിക്കുകയാണെങ്കില്‍ ഒന്നാം  റാങ്കോടെ പാസ്സാകുമെന്ന്.


സ്കൂളില്‍ പോകാതിരിക്കാനുളള അടവുകള്‍ എന്നെ പഠിപ്പിച്ചത് എന്നേക്കാള്‍ വെറും 15 ദിവസത്തിന് ഇളയതായ എന്‍റെ സ്വന്തം അനിയന്‍ (എളാപ്പന്‍റെ  മോന്‍ ) ആയിരുന്നു. കുബുദ്ധിയുടെ കാര്യത്തില്‍ അവന്‍ പലപ്പോഴും എന്നെ തോല്‍പ്പിക്കുമായിരുന്നു. രാവിലെ എണീറ്റ്‌ കാല്‍ കൂട്ടിപ്പിടിച്ചു " എന്‍റെ കാല്‍ നീരുന്നില്ലേ ...." എന്നുപറഞ്ഞു അലമുറയിട്ടു കരയുന്നത് അവന്‍റെ സ്ഥിരം നബറായിരുന്നു. ഇത് കളളമടിയാണെന്ന് അറിഞ്ഞിട്ടും അവന്‍റെ ഉമ്മ നിസ്സഹായനായിരുന്നു , കാരണം വലിയുമ്മ തന്നെ . അവന്‍റെ എല്ലാ കോപ്രായ്ങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന എന്‍റെ വല്ലിമ്മ മറ്റൊരു സംഭവമായിരുന്നു .

വഴിയില്‍ കിടന്നു കിട്ടിയ ചീട്ടിന്‍റെ ഭംഗിയുളള കാര്‍ഡുകള്‍ ഞാന്‍ എന്തോ നിധി കിട്ടിയ പോലെ ഖുര്‍ആന്‍റെ ഉളളില്‍ സൂക്ഷിച്ചതും അത് കണ്ടെത്തിയ ഉസ്താദിന്‍റെ ക്രൂരമായ മുഖഭാവം കണ്ടു നടുങ്ങിയ ഞാന്‍ അതെന്‍റെ ഉപ്പയാണ് കളിക്കാറുളളതെന്ന കളളം പറഞ്ഞു രക്ഷപ്പെട്ടതും ഞാന്‍ ഓര്‍ക്കുന്നു . പിറ്റേ ദിവസം തന്നെയുളള പളളിക്കമ്മറ്റിക്കാരുടെ കത്താണ് ഈ വിവരം വീട്ടിലറിയിക്കുന്നത്.അന്നത്തെ ഉമ്മാന്‍റെ മുഖം കണ്ടപ്പോള്‍ അത് ഉസ്താദിന്‍റെ മുഖഭാവത്തെക്കാള്‍   ക്രൂരമായി  എനിക്കു തോന്നി . പിന്നീട് ചീട്ടു കാണുന്നത്പോലും എനിക്ക് കലിയായിരുന്നു.


ആഴ്ചയിലോ മാസത്തിലോ ഉളള ഉമ്മാന്‍റെ  സ്വന്തം വീട് സന്ദര്‍ശനം മറ്റൊരു ലഹരിയായിരുന്നു . തേന്‍ കൂടുകള്‍ നിറഞ്ഞ ആ വീട് ഒരു നിത്യ വസന്ധമായിരുന്നു . അവസാനം ഒഴിവാക്കുന്ന മെഴുകില്‍ നിന്നുളള തേന്‍ മാത്രമേ കുട്ടികള്‍ക്ക് കിട്ടുകയുളളൂ ...! അതുതന്നെ മത്തു  പിടിക്കാന്‍ മാത്രം  ഉണ്ടാകുമായിരുന്നു . ഞാന്‍ ആ വീടിനു തേന്‍ വീട് എന്ന് പേര് നല്‍കിയിരുന്നു .



കടംകഥകളും   കുട്ടികഥകളും നിറഞ്ഞ രാത്രികള്‍ അതിലേറെ സന്തോഷകരമായിരുന്നു. ഒരു പായയില്‍ കിടന്നുറങ്ങി ഒരു പാത്രത്തില്‍ ഉണ്ണുന്ന അന്നത്തെ പോലുളള കുട്ടികളെ ഇന്ന് തിരിയിട്ടു തിരഞ്ഞാല്‍ പോലും നമുക്ക് കണ്ടെത്താന്‍ കഴിയില്ല എന്നെനിക്കു തോന്നുന്നു .


രാത്രിയില്‍ മിഠായിയും മാമ്പഴവുമായി എത്തുന്ന എന്‍റെ സ്വന്തം വലിയുപ്പ ! പക്ഷെ ഓര്‍മ വെക്കുന്നതിനു മുന്‍പേ ഞങ്ങളെ വിട്ടു പോയി . ആ മുഖം മാത്രമേ ഓര്‍മിച്ചെടുക്കാന്‍ സാധിക്കുന്നുളളൂ. അതുതന്നെ പഴയ ഫോട്ടോകളില്‍ നിന്നും മറ്റും ഓര്‍ത്തെടുത്തതാണ്. 


വീട്ടിലെ പശുവും എരുമയും തരുന്ന പാല്‍ കുടിച്ചും , കോഴികള്‍ തരുന്ന മുട്ട തിന്നും , നെയ്യ് പുരട്ടിയുളള കട്ടിപ്പത്തിരി കഴിച്ചും ഞാന്‍ ഒരുപാട് വളര്‍ന്നു . ഒരുപാട് വളര്‍ന്നപ്പോഴും വന്ന വഴികളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനു ഞാന്‍ എന്‍റെ ഉമ്മാനോട് കടപ്പെട്ടിരിക്കുന്നു . ഉമ്മാന്‍റെ കയ്യിന്‍റെ ചൂടറിയാത്ത ഒരു ദിവസം പോലും എന്‍റെ ഓര്‍മയിലില്ല . 
തെങ്ങിന്‍ ചകിരി കൊണ്ട് ബീടിയുണ്ടാക്കി വലിച്ചതിന് ചീന മുളക് കണ്ണില്‍ തേച്ചതു മറ്റാരുമല്ല .  


ഒരു ഹിന്ദുസ്ഥാനി കവിയുടെ വാക്കുകള്‍ ഇവിടെ കുറിച്ച് കൊണ്ട് ഞാന്‍ നിര്‍ത്തുന്നു, " എനിക്കുളളതെല്ലാം ഞാന്‍ നിനക്ക് തിരിച്ച് തരാം ദൈവമേ, എന്‍റെ സമ്പാദ്യം, എന്‍റെ അറിവ് , എന്‍റെ ആരോഗ്യം , അങ്ങിനെ എല്ലാം !, പകരം നിനക്കെന്‍റെ കുട്ടിക്കാലം തിരിച്ചു തരാന്‍ കഴിയുമോ? " ................................                       

ഉമ്മ എന്ന അമ്മ


ഉമ്മമാരെക്കുറിച്ച് ഒരു ലേഖനം ഇന്നിന്‍റെ ആവശ്യമാണെന്ന് തോന്നുന്നു . നമ്മെ നാമാക്കിയ നമ്മുടെ സ്വന്തം ഉമ്മമാരെ നാമോരോരുത്തരും വേണ്ടവിധം     ഗൗനിക്കുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് . ഇതെഴുതുബോള്‍ എനിക്കെന്‍റെ ഉമ്മയെയാണ് ഓര്‍മ്മ വരുന്നത് . വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉദാത്തമായ മാതൃകയാണ് നമ്മുടെ ഉമ്മമാര്‍ . സ്നേഹത്തിന്‍റെ പര്യായമാണ് ഉമ്മ അല്ലെങ്കില്‍ അമ്മ എന്നെനിക്കു തോന്നുന്നു . 



ഞാന്‍ എന്‍റെ ഉമ്മയെ ഓര്‍ക്കുന്നത് നിങ്ങളൊക്കെ നിങ്ങളുടെ ഉമ്മമാരെ ഓര്‍ക്കാന്‍ വേണ്ടിയാണ്, മാതാപിതാക്കളെ മറക്കുന്ന  മക്കള്‍ ഈ ലോകത്തിന്‍റെ ശാപമാണ്. തന്നെ പത്തു മാസത്തോളം ഗര്‍ഭം ചുമന്നു പ്രസവിച്ച സ്വന്തം അമ്മയെ അവഹേളിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട് , താനും ഒരുനാള്‍ അമ്മയാകും അല്ലെങ്കില്‍ അച്ഛനാകും എന്ന വസ്തുത .തന്‍റെ മുടിയും നരക്കും എന്ന യാഥാര്‍ത്ഥ്യം .!


കൂണുപോലെ    മുളച്ച്പൊന്തുന്ന വൃദ്ധസദനങ്ങള്‍ സ്വന്തം മാതാപിതാക്കളെ മറക്കുന്ന മക്കള്‍ക്കുളള    നിലക്കാത്ത ഓര്‍മ്മപ്പെടുത്തലാണ്. മനുഷ്യന്‍റെ അഹങ്കാരത്തിന്‍റെ  മറ്റൊരു ഉല്‍പ്പന്നമാണ്‌ അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ . പ്രായമായ മാതാപിതാക്കള്‍ ഒരു ബാധ്യതയാണെന്നാണ് ഇന്ന് പല മക്കളും കരുതുന്നത് .

യൂട്ടിലിറ്റെറിയാനിസം അഥവാ  ഉപയോകമുളളതിനെ മാത്രം സീകരിക്കുക  അല്ലാത്തതിനെ അത് സ്വന്തം അമ്മയാണെങ്കിലും ഉപേക്ഷിക്കുക എന്ന മുതലാളിത്തത്തിന്‍റെ മുദ്രാവാക്യം നാം സീകരിക്കുകയാണോ ?.രക്തബന്ധങ്ങള്‍ക്ക്  വില കല്‍പ്പിക്കാത്ത വിദ്യാഭ്യാസം അതെത്ര ഉന്നതമാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. 

ഈ     ലോകത്തിനന്ത്യമുണ്ട് , നിങ്ങള്‍  ഉറങ്ങാന്‍ പോകുന്നപോലെ  മരിക്കാന്‍ പോകേണ്ടവരാണെന്ന  ബോധ്യം  നമുക്കുണ്ടാവണം . ഒരു നെരിപ്പോടിന്‍റെ  മുകളിലാണ് നമ്മുടെ ജീവിതം . ആര്‍ത്തിയും  ഭോഗാസക്തിയും മനുഷ്യന്‍റെ, മനുഷ്യത്വത്തിന്‍റെ  മേല്‍  ചിരപ്രധിഷ്ട നേടിക്കഴിഞ്ഞു . വയറ് മാത്രം മതി എന്ന് പഠിപ്പിക്കുന്ന ഗണിത ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തല്‍  മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുകയാണ് .ബുദ്ധിയും  വിവരവും വയറിലേക്ക് ഊര്‍ത്തി ആമാശയമാത്ര പ്രധാനമായ ലോകത്തേക്കാണ്‌ നാം സന്ജരിക്കുന്നത് . അവിടെ  ഉല്‍പാദനക്ഷമമല്ലാത്ത  മാതാപിതാക്കള്‍ പുറന്തളളപ്പെടുന്നു. 


ആശയങ്ങളുടെ   പ്രാധാന്യം നഷ്ട്ടപ്പെടുന്ന  ഈ നവലോകക്രമത്തില്‍ മൂല്യങ്ങളുടെ  കടന്നുവരവിനു  താങ്ങാവാന്‍  നമുക്ക് സാധിക്കണം . നാണയതുട്ടിനെയും കമ്പോള സംസ്കാരത്തെയും മാത്രം സ്നേഹിക്കുന്ന  മനുഷ്യനെങ്ങനെയാണ്  മാതാവിനെയും  സമൂഹത്തെയും സ്നേഹിക്കാന്‍ സാധിക്കുക. എല്ലാം ചവച്ചു തുപ്പിയ മനുഷ്യന്‍ ......... 300 കോടി ജനങ്ങള്‍  ജലക്ഷാമം  കൊണ്ട് ദുരിതമനുബവിക്കുന്നെന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കുമ്പോഴും  ഭൂമീദേവിയുടെ മാറിടത്തില്‍നിന്നും  വെളളമൂറ്റി  അതില്‍ വിഷം കലര്‍ത്തി വിറ്റ് തിന്ന്മുടിച്ച് കൊഴുക്കുന്ന ആഗോള കുത്തക  മുതലാളിമാരുടെ    ഒരു ചെറിയ പതിപ്പാകുകയാണോ നാം ?. തന്നെ ഇത്രത്തോളം വലുതാക്കിയ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തളളുന്ന ഇന്നത്തെ തിരക്കുപിടിച്ച മനുഷ്യനെ എന്തിനോടാണ്‌ നാം ഉപമിക്കുക ?.


എന്‍റെ ഈ ഉദ്യമത്തെ ഒരു പൊടിപിടിച്ച ആശയമായി കാണേണ്ട ആവശ്യമില്ല . ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ക്ക് നേരിട്ട് ബോദ്യപ്പെടണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ  അടുത്തുളള ഒരു വൃദ്ധസദനം  സന്ദര്‍ശിച്ചാല്‍ മതി . പണ്ട് യൂറോപ്പിലൊക്കെ   പ്രായമായ മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രമുണ്ടെന്നു കേട്ടപ്പോള്‍ നാം അവരെ കുറ്റം പറഞ്ഞിരുന്നു ,, തന്തയെയും തളളയെയും മറക്കുന്നവരെന്ന് പറഞ്ഞ് . ഇപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലെ വൃദ്ധസദനങ്ങളുടെ കണക്കെടുത്താല്‍ തന്നെ ഈ ചര്‍ച്ചയുടെ പ്രസക്തി നമുക്ക് മനസ്സിലാകും .

ഇങ്ങിനെ     അവഗണിക്കപ്പെടേണ്ടവരാണോ നമ്മുടെ മാതാപിതാക്കള്‍ ?. മാതാവിന്‍റെ കാലിന്‍റെ ചുവട്ടിലാണ് സ്വര്‍ഗം എന്നുപടിപ്പിച്ച നബിയുടെ അനുയായികളല്ലേ നമ്മള്‍ ? . മാതാപിതാക്കളോട് കാരുണ്യം ചെയ്യാനും , അവരോടു "ഛെ " എന്നൊരു വാക്ക്പോലും പറയരുതെന്നും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ക്ക്‌ അളളാഹു കാരുണ്യം ചെയ്യാതെ പോകട്ടെ എന്ന നബിയുടെ മറ്റൊരു പ്രാര്‍ത്ഥനയും നമുക്ക് മുന്‍പിലുണ്ട് .

പ്രായമായ മാതാപിതാക്കളെ  വേണ്ടെന്നു പറയുന്ന മക്കള്‍ അവരുടെ സമ്പാദ്യം വേണ്ടെന്നു വെക്കുന്നുണ്ടോ ?. ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കള്‍ക്ക് അഭയമേകുന്ന വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരെ നമുക്ക് കുറ്റം പറയാനാവില്ല . അവര്‍ ചെയ്യുന്നത് ഒരു വലിയ സാമൂഹ്യ സേവനമാണ് . അത് കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല . 

വൃദ്ധസദനങ്ങളില്ലാത്ത  മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം ...അതിനു വേണ്ടി പരിശ്രമിക്കാം ...
ഇത് സമൂഹത്തിന്‍റെ  ബാധഽതയാണെന്ന് നാം ഉള്‍പ്പെടുന്ന സമൂഹം മനസ്സിലാക്കണം . അതിനു ദൈവം നമുക്ക് കരുത്തുനല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ  ഞാന്‍ നിര്‍ത്തുന്നു .

എന്നെ വായിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി .............

Friday, January 21, 2011

പെണ്ണ്

രാജക വാദ തിന്‍റെ   അരങ്ങിലും സദാചാരബോധത്തിന്‍റെ  കൂട്ടിലും സ്ത്രീ പ്രതിഷ്ട്ടിക്കപ്പെട്ടപ്പോള്‍ സമൂഹത്തി ന്‍റെ  പ്രയാണ വഴികളിലെവിടെയോ സ്ത്രീ യുടെ  സ്വതവും ഇടവും അനാധമാക്കപെട്ടു .സ്ത്രീ യുടെ അഭിമാനത്തി ന്‍റെ  അസ്തിത്വത്തിനു വേണ്ടി സമൂഹം മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . ആഗോളവല്‍കരണവും മുതലാളിത്തവും സമം ചേര്‍ന്ന പുതിയ നവലോകക്രമത്തില്‍ പെണ്ണിനെ ബഹുമാനിക്കാ നോ  ആദരിക്കാ നോ നാം ഉള്‍പ്പെടുന്ന സമൂഹം തയ്യാറാവുന്നില്ല . ഒരുപാടു വിശ്വ സാഹിത്യങ്ങള്‍ക്ക് പ്രേരണയായ പെണ്ണിനെ വെറും പരസ്യത്തി ന്‍റെ  ഉപഭോഖത്തി ന്‍റെ ഉപകരണമായി കാണാനാണ് ഇന്ന് പലര്‍ക്കും താല്‍പ്പര്യം . എന്നാണോ പെണ്ണിനെ പരസ്യത്തി ന്‍റെ  മാധ്യമമാക്കാന്‍ നാം തുടങ്ങിയത് , അന്നുമുതല്‍ പെണ്ണിനെ വെറും ഉപകരണമായി കാണാന്‍ തുടങ്ങി . പെണ്ണില്ലാതെ ഒന്നുമില്ലെന്നായി ...... സമൂഹത്തി ന്‍റെ  ഈ അതപ്പധനത്തിനു നാം വലിയ വിലതന്നെ നല്‍കേണ്ടിവരും . 

ഒരു സംസ്കാരത്തെ അളന്നു നോക്കുന്നത്  അവിടെ സ്ത്രീ ബഹുമാനിക്കപ്പെടുന്നുണ്ടോ എന്ന് നോക്കിയാണ് . സ്ത്രീ യുടെ വ്യക്തിത്വത്തെ ആദരിക്കാതെ ഒരു നാഗരിഗതയും ഇവിടെ നിലനിന്നിട്ടില്ല .സ്ത്രീ വെറും പെണ്ണ് മാത്രമല്ല , അവളാണ് മാതാവ്‌ , അവളാണ് പെങ്ങള് , അവളാണ് ഭാര്യ , അവളാണ് അഭയമേകുന്ന കൂട്ടുകാരി . 

തനിക്കു ജനിച്ച  കുഞ്ഞ് പെണ്‍ ആണെന്ന് അറിയുമ്പോള്‍ അതിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കറുത്ത കാലഘട്ടത്തില്‍ നിന്നും ഒട്ടും മാറിയിട്ടില്ല ഇന്നത്തെ ആധുനിക  മനുഷ്യന്‍ .ആധുനിക സംവിധാനങ്ങളിലൂടെ ജനിക്കാന്‍ പോകുന്ന കുഞ്ഞി ന്‍റെ  ലിങ്ക പരിശോധന നടത്തി പെണ്‍ കുഞാണെന്ന് അറിയുമ്പോള്‍ അതിനെ ഗര്‍ഭ പാത്രത്തില്‍  വച്ചുതന്നെ ക്രൂരമായി കൊല്ലുന്ന ഇന്നത്തെ തലമുറ എന്തിന്‍റെ
  പേരിലാണ് നൂറു ശതമാനം  പ്രഭുധരെന്ന് ഊറ്റം കൊളളുന്നത്‌ .

കൂണുപോലെ മുളച്ചു  പൊന്തുന്ന മള്‍ട്ടി സ്പെഷൃ ലിറ്റി ഹോസ്പിറ്റലുകളില്‍  നടക്കുന്ന ക്രൂരമായ ഭൂണഹത്യയുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ മലയാളിയുടെ പ്രഭുദധഥക്കും നൂറുമേനി സാക്ഷരതക്കും മുകളിലിരുന്ന് കൊഞ്ഞനം കുത്തുകയാണ് . ഇതെല്ലാം കാണുമ്പോഴും മലയാളി ആർമാധിക്കാനുളള പുതിയ മേചില്‍പുറങ്ങള്‍ തേടുകയാണ് .

വിധ്യാഭ്യാസതിലൂടെ  സ്ത്രീ യെ ശാക്തീകരിക്കാനുളള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടയിലും യഥാര്‍ത്ഥത്തില്‍ നമുക്കെവിടെയാണ് പിഴച്ചതെന്നു കണ്ടുപിടിക്കാന്‍ നമുക്കാവുന്നില്ല .സത്യം തുറന്ന പുസ്തകമാ ണെങ്കിലും അത് വായിക്കാന്‍ നാം മെനക്കെടാറില്ല. അപ്പോഴും മലയാളി തിരക്കിലാണ് ............. ഒരിക്കലും അവസാനിക്കാത്ത ഒടുക്കത്തെ തിരക്ക് ,........ സ്വന്തം കാല്‍ച്ചുവട്ടിലെ  മണ്ണ് ഒലിച്ചു പോകുമ്പോഴും നാം അറിയുന്നില്ല . ഇത് പറയുമ്പോഴാണ് എനിക്ക് ഇസ്ലാമിക ചരിത്രം ഓര്‍മ്മവരുന്നത്‌ , മൂന്നാം കുരിശ് യുദ്ധ സമയത്ത് മുസ്ലിങ്ങള്‍ തര്‍ക്ക ശാസ്ത്ര ത്തിന്‍റെ പിറകേപോയി  വിജയം അടിയറവുവെച്ച ചരിത്രം !!!!!!!!! ഇവിടെയും നാം അതുതന്നെ യാണ് ചെയ്യുന്നത് .

സ്വന്തത്തെയും ബന്ധത്തെയും മറന്ന ഈ  സെല്‍ഫിഷ്  ചിഝാഘതി മനുഷ്യനെ എവിടെയാണ് ചെന്നെത്തിക്കുക ??? ചിന്ധിക്കാനും നല്ലത് പ്രവര്‍ത്തിക്കാനും  കഴിയാതെ പോകുന്ന ഇന്നത്തെ യുവ തലമുറയ്ക്ക് , ഞാനും അതിലൊരംഗമാണെന്ന ഉത്തമ ബോധ്യത്തോടെ .... എന്തിലൂടെ യാണ് പരിവര്‍ത്തനം ഉണ്ടാക്കാന്‍ സാധിക്കുക . ഒരു വലിയ ചോദ്യ ചിന്നമല്ലാതെ മറ്റൊന്നും എനിക്ക് കാണാന്‍ കഴിയുന്നില്ല .

ഇന്റര്‍നെറ്റിന്‍റെ യും  മൊബൈല്‍ ഫോണിന്‍റെയും അതിപ്രസരം നമ്മെയും നമ്മുടെ സമൂഹത്തെയും  ചളികുണ്ടിലേക്കാണ്  നയിക്കുന്നത് . അതിലേറെ വേതന ഉണ്ടാക്കുന്നത് നമ്മുടെ സ്വകാര്യതയായ പലതും , അതില്‍ ഇരയാകുന്നവരില്‍ അധികവും നമ്മുടെ പാവം പെങ്ങന്മാരാണെന്ന  വസ്തുത നമുക്ക് കണ്ടില്ലെന്നു നടിക്കാനാകില്ല .ബൈബിളിലെ ഒരു വരിയാണ് എന്‍റെ ഓര്‍മകളില്‍ വരുന്നത് .... "ഒടുവില്‍ അവര്‍ നമ്മെ തേടിയെത്തും " .. അപ്പോള്‍ നമുക്ക് വേണ്ടി സംസാരിക്കാന്‍ , ശബ്ദിക്കാന്‍ ആളുണ്ടായെന്നു വരില്ല ... നമ്മുടെ സമയം അതിക്രമിച്ചിരിക്കുന്നു !! ഇനിയും കാത്തിരുന്നാല്‍ അനിവാര്യമായ മഹാ ദുരന്തത്തിന് നാം സാക്ഷിയാകേണ്ടിവരും . ഇതൊരു താക്കീതാണ് .,,,സ്വര്‍ഗ്ഗത്തിലേക്കുളള  വഴി കല്ലും മുളളും നിറഞ്ഞതായിരിക്കും , എന്നുവച്ച് നാമാരും സ്വര്‍ഗം വേണ്ടെന്നു വെക്കില്ലല്ലോ !  

വര്‍ഗീയത അത് ഇടതായാലും വലതായാലും വെറുക്കപ്പെടേണ്ടതാണ് ,, മഹാകവി പൂന്താനത്തി ന്‍റെ വരികള്‍ ഞാനിവിടെ കുറിക്കുകയാണ് " കൂടെയല്ല ജനിക്കുന്ന നേരത്തും കൂടെയല്ല മരിക്കുന്ന നേരത്തും , മധ്യ ഇങ്ങനെ കാണുന്ന നേരത്തോ ,,മത്സരിക്കുന്നതെന്തിനോ നാം വെറുതെ ". ഇത് പറയുമ്പോള്‍ എനിക്ക് ഽപവാചകൻ മുഹമ്മദിനെ (സ അ സ മം )ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല , മുഹമ്മദ്‌ നബി എല്ലാദിവസവും അര്‍ദ്ധരാത്രി എഴുന്നേറ്റിരുന്ന് ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു "എല്ലാ മനുഷ്യരും സമന്മാരാണെന്നതിന് ഇന്ന് രാത്രി ഞാന്‍ സാക്ഷ്യം വഹിക്കുന്നു " "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിനെ നമുക്ക് തിരസ്കരിക്കാന്‍ കഴിയുമോ ?????.


ഇനിയും ഒരുപാട് എഴുതണമെന്നുണ്ട്, പിന്നീടൊരിക്കല്‍ ആകാമെന്ന വിശ്വാസത്തോടെ , എന്‍റെ ഉദ്ധേശ ശുദ്ധിയെ നല്ല രൂപത്തില്‍ ഉള്‍ക്കൊളളാൻ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കു കഴിയുമെന്ന ഉത്തമ ബോധ്യത്തോടെ ഞാന്‍  നിര്‍ത്തുന്നു.

Monday, January 17, 2011

ഏവര്‍ക്കും പുതുപ്പിറവി ആശംസകള്‍ 

എന്‍റെ ലോകം

ഞാന്‍ സിദ്ദീക്ക് ,  ജനുവരിയിലെ ഒരു തണുത്ത വെളുപ്പാന്‍കാലത്ത് മലപ്പുറത്തെ പ്രസിദ്ധമായ  ഹിന്ദു തീര്‍ഥാടന കേന്ദ്രമായ കാടാമ്പുഴയില്‍  ജനിച്ചു . ഒരു പാരമ്പര്യ കാര്‍ഷിക കുടുബമായിരുന്നു എന്‍റേത്. തരക്കേടില്ലാത്ത സാമ്പത്തിക ചുറ്റുപാടില്‍ പിറന്നതുകൊണ്ടു ജീവിതത്തിന്‍റെ പ്രയാസങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചില്ല. എങ്കിലും ഞാന്‍   പിറന്നുവീണതു ഒരു ഗ്രാമീണ ചുറ്റുപാടിലേക്കായതുകൊണ്ട് ജീവിതത്തിന്‍റെ കയ്പ്പേറിയ മധുര യാദാര്ത്യങ്ങള്‍ എനിക്കറിയാന്‍ സാധിച്ചു . മലപ്പുറത്തെ ഒരു സാധാ ലോവര്‍ പ്രൈമറി സ്കൂളില്‍ ചേര്‍ന്നുപഠിക്കാനായിരുന്നു എന്‍റെ വിധി .അതുതന്നെ വീട്ടില്‍ നിന്നും കിലോ മീറ്ററുകളോളം കാല്‍നടയായി എത്തേണ്ട അവസ്ഥ .എങ്കിലും അതൊരു ബുദ്ധിമുട്ടായി എനിക്ക് തോന്നിയില്ല  .പക്ഷെ വീട്ടിലെ സാഹചര്യം അത്ര നല്ലതല്ലായിരുന്നു .

പഠനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കാനുളള ഒരു തന്‍റേടം വീട്ടുകാര്‍ക്കില്ലായിരുന്നു .അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ,കാരണം അന്നത്തെ മലപ്പുറത്തിന്‍റെ  സാമൂഹിക ചുറ്റുപാട് അങ്ങിനെയായിരുന്നു .ചരിത്രത്തിലെ മറ്റൊരു വൈരുധ്യമായിരുന്നു അതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .ഇംഗ്ലീഷുകാരോടുളള  വിദ്വേഷം ഇംഗ്ലീഷ് പഠിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് നമ്മുടെ പൂര്‍വീകര്‍   കാണിക്കുകയായിരുന്നു . ആ ചരിത്ര പരമായ തീരുമാനത്തി ന്‍റെ ഉപഭോക്താക്കളായത്  പിന്നീട് വന്ന തലമുറയായിരുന്നു . ആ തീരുമാനത്തെ ചരിത്ര പരമായ വിഢിത്തമായി പല എഴുത്തുകാരും രേഗപ്പെടുത്തിയിട്ടുണ്ട്.


ഗള്‍ഫെന്ന മലയാളിയുടെ സ്വപ്നഭൂമി ......... കാര്‍ഷിക മേഘലയുടെ തളര്‍ച്ച  എന്‍റെ ഉപ്പാനേം ഗള്‍ഫിലേക്ക് പറഞ്ഞയച്ചു . ഇന്നത്തെ കേരളത്തിന്‍റെ വിശേഷാല്‍   മലപ്പുറത്തിന്‍റെ സര്‍വോന്‍മുകമായ  വളര്‍ച്ചക്ക് നാം ഗള്‍ഫിനോട്  കടപ്പെട്ടിരിക്കുന്നു . അറബിപ്പണത്തിന്‍റെ ഹുങ്ക് മലയാളിയെ തെല്ലൊന്നുമല്ല അഹങ്കരിപ്പിച്ചത് .


ഇപ്പോഴും  കാര്യമായൊന്നും മാറിയിട്ടില്ലാത്ത എന്‍റെ സ്വന്തം നാട്ടിന്‍പുറം !! പത്താം ക്ലാസ് പഠനമാണ് ഏറ്റവും കൂടിയ വിദ്യാഭ്യാസമെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കരുതുന്ന ഒരുകൂട്ടം ചെറുപ്പക്കാരും രക്ഷിതാക്കളും ! കൂലിപ്പണിക്ക് ലഭിക്കുന്ന ഉയര്‍ന്ന ശമ്പളവും വീട്ടിലെ  പ്രാരാഭ്ദങ്ങളും പിന്നെ  വരവില്‍ കവിഞ്ഞ  അലസതയും ഇങ്ങിനെ ഒരുപാടു കാരണങ്ങളുണ്ട് അവര്‍ക്ക് പറയാന്‍  . .........

നാട്ടിന്‍ പുറങ്ങളില്‍ നിന്നാണ് വികസനം ആരമ്പിക്കേണ്ടതെന്ന  ഗാന്ധിയന്‍ ഫിലോസഫിയൊന്നും ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കേട്ട മട്ടില്ല . അവര്‍ക്കിപ്പോഴും  അറു  പിന്തിരിപ്പന്‍ വാദങ്ങളാണ് . വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ മറ്റൊരു ഭീകര മുഖം . പരിധിവിട്ട രാഷ്ട്രീയ വാദവും അരാഷ്ട്രീയ  വാദവും ഒരുപോലെ  തെറ്റാണെന്നതിനു ചരിത്രം സാക്ഷിയാണ് .


പ്രതികരിക്കാനും  വിസമ്മതിക്കാനുമുളള  സമൂഹത്തിന്‍റെ  ജന്മാവകാശം കോടതി  മുറിക്കുളളില്‍ കൊലചെയ്യപ്പെടുമ്പോള്‍  സമൂഹം നിശബ്ദ മാകുന്നു . പ്രതികരിക്കാന്‍  മറന്നുപോകുന്ന ഇന്നത്തെ തലമുറ കാലഘട്ടത്തിന്‍റെ മറ്റൊരു ദുരന്തമാണ്. അണുകുടുംബങ്ങള്‍ വിസ്ഫോടനത്തിന് മാറ്റ്കൂട്ടുന്നു .


വാര്‍ത്താ മാധ്യമങ്ങള്‍  മനുഷ്യനെ മഷ്തിഷ്കപ്രക്ഷാളനം നടത്തി സ്വതന്ത്രമായ ചിന്തകള്‍ക്ക് തടസ്സം നില്‍ക്കുന്നു. പണംവാങ്ങി  ലേകനങ്ങളും വാര്‍ത്തകളും നല്‍കുന്ന വൃത്തികെട്ട അവസ്ഥയിലേക്ക് നമ്മുടെ മുഖ്യധാര മാധ്യമങ്ങള്‍ പോലും എത്തപ്പെട്ടിരിക്കുന്നു . പാര്‍ലമെന്‍റിൽ  പണം വാങ്ങി ചോദ്യം ചോദിക്കുന്ന നമ്മുടെ ജന പ്രതിനിതികള്‍ !!!!


സമീപകാല സംഭവങ്ങള്‍  അഴിമതിയില്‍  കുളിച്ചുനില്‍ക്കുന്ന നമ്മുടെ  ഭരണകൂടങ്ങളുടെയും  നീതിന്യായ വ്യവസ്ഥയുടെയും മുകളിലിരുന്ന്  കൊഞ്ഞനം കുത്തുകയാണ് . ഒരു രാജ്യത്തിന്‍റെ  പരമോന്നത നീതിപീടത്തിന്‍റെ അമരസ്ഥാനത്തിരുന്നവര്‍ പോലും സംശയത്തിന്‍റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍  നാം ആരെയാണ് പഴിക്കേണ്ടത് ..........
വ്യവസ്ഥിതിയെയോ ??????????? അതോ ....

നമ്മെതന്നെയോ ????