Thursday, February 3, 2011

ഉമ്മ എന്ന അമ്മ


ഉമ്മമാരെക്കുറിച്ച് ഒരു ലേഖനം ഇന്നിന്‍റെ ആവശ്യമാണെന്ന് തോന്നുന്നു . നമ്മെ നാമാക്കിയ നമ്മുടെ സ്വന്തം ഉമ്മമാരെ നാമോരോരുത്തരും വേണ്ടവിധം     ഗൗനിക്കുന്നുണ്ടോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട് . ഇതെഴുതുബോള്‍ എനിക്കെന്‍റെ ഉമ്മയെയാണ് ഓര്‍മ്മ വരുന്നത് . വാത്സല്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉദാത്തമായ മാതൃകയാണ് നമ്മുടെ ഉമ്മമാര്‍ . സ്നേഹത്തിന്‍റെ പര്യായമാണ് ഉമ്മ അല്ലെങ്കില്‍ അമ്മ എന്നെനിക്കു തോന്നുന്നു . 



ഞാന്‍ എന്‍റെ ഉമ്മയെ ഓര്‍ക്കുന്നത് നിങ്ങളൊക്കെ നിങ്ങളുടെ ഉമ്മമാരെ ഓര്‍ക്കാന്‍ വേണ്ടിയാണ്, മാതാപിതാക്കളെ മറക്കുന്ന  മക്കള്‍ ഈ ലോകത്തിന്‍റെ ശാപമാണ്. തന്നെ പത്തു മാസത്തോളം ഗര്‍ഭം ചുമന്നു പ്രസവിച്ച സ്വന്തം അമ്മയെ അവഹേളിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട് , താനും ഒരുനാള്‍ അമ്മയാകും അല്ലെങ്കില്‍ അച്ഛനാകും എന്ന വസ്തുത .തന്‍റെ മുടിയും നരക്കും എന്ന യാഥാര്‍ത്ഥ്യം .!


കൂണുപോലെ    മുളച്ച്പൊന്തുന്ന വൃദ്ധസദനങ്ങള്‍ സ്വന്തം മാതാപിതാക്കളെ മറക്കുന്ന മക്കള്‍ക്കുളള    നിലക്കാത്ത ഓര്‍മ്മപ്പെടുത്തലാണ്. മനുഷ്യന്‍റെ അഹങ്കാരത്തിന്‍റെ  മറ്റൊരു ഉല്‍പ്പന്നമാണ്‌ അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ . പ്രായമായ മാതാപിതാക്കള്‍ ഒരു ബാധ്യതയാണെന്നാണ് ഇന്ന് പല മക്കളും കരുതുന്നത് .

യൂട്ടിലിറ്റെറിയാനിസം അഥവാ  ഉപയോകമുളളതിനെ മാത്രം സീകരിക്കുക  അല്ലാത്തതിനെ അത് സ്വന്തം അമ്മയാണെങ്കിലും ഉപേക്ഷിക്കുക എന്ന മുതലാളിത്തത്തിന്‍റെ മുദ്രാവാക്യം നാം സീകരിക്കുകയാണോ ?.രക്തബന്ധങ്ങള്‍ക്ക്  വില കല്‍പ്പിക്കാത്ത വിദ്യാഭ്യാസം അതെത്ര ഉന്നതമാണെങ്കിലും എതിര്‍ക്കപ്പെടേണ്ടതാണ്. 

ഈ     ലോകത്തിനന്ത്യമുണ്ട് , നിങ്ങള്‍  ഉറങ്ങാന്‍ പോകുന്നപോലെ  മരിക്കാന്‍ പോകേണ്ടവരാണെന്ന  ബോധ്യം  നമുക്കുണ്ടാവണം . ഒരു നെരിപ്പോടിന്‍റെ  മുകളിലാണ് നമ്മുടെ ജീവിതം . ആര്‍ത്തിയും  ഭോഗാസക്തിയും മനുഷ്യന്‍റെ, മനുഷ്യത്വത്തിന്‍റെ  മേല്‍  ചിരപ്രധിഷ്ട നേടിക്കഴിഞ്ഞു . വയറ് മാത്രം മതി എന്ന് പഠിപ്പിക്കുന്ന ഗണിത ശാസ്ത്രത്തിന്‍റെ പുതിയ കണ്ടെത്തല്‍  മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുകയാണ് .ബുദ്ധിയും  വിവരവും വയറിലേക്ക് ഊര്‍ത്തി ആമാശയമാത്ര പ്രധാനമായ ലോകത്തേക്കാണ്‌ നാം സന്ജരിക്കുന്നത് . അവിടെ  ഉല്‍പാദനക്ഷമമല്ലാത്ത  മാതാപിതാക്കള്‍ പുറന്തളളപ്പെടുന്നു. 


ആശയങ്ങളുടെ   പ്രാധാന്യം നഷ്ട്ടപ്പെടുന്ന  ഈ നവലോകക്രമത്തില്‍ മൂല്യങ്ങളുടെ  കടന്നുവരവിനു  താങ്ങാവാന്‍  നമുക്ക് സാധിക്കണം . നാണയതുട്ടിനെയും കമ്പോള സംസ്കാരത്തെയും മാത്രം സ്നേഹിക്കുന്ന  മനുഷ്യനെങ്ങനെയാണ്  മാതാവിനെയും  സമൂഹത്തെയും സ്നേഹിക്കാന്‍ സാധിക്കുക. എല്ലാം ചവച്ചു തുപ്പിയ മനുഷ്യന്‍ ......... 300 കോടി ജനങ്ങള്‍  ജലക്ഷാമം  കൊണ്ട് ദുരിതമനുബവിക്കുന്നെന്ന യഥാര്‍ത്ഥ്യം നാം മനസ്സിലാക്കുമ്പോഴും  ഭൂമീദേവിയുടെ മാറിടത്തില്‍നിന്നും  വെളളമൂറ്റി  അതില്‍ വിഷം കലര്‍ത്തി വിറ്റ് തിന്ന്മുടിച്ച് കൊഴുക്കുന്ന ആഗോള കുത്തക  മുതലാളിമാരുടെ    ഒരു ചെറിയ പതിപ്പാകുകയാണോ നാം ?. തന്നെ ഇത്രത്തോളം വലുതാക്കിയ സ്വന്തം മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ കൊണ്ടുപോയി തളളുന്ന ഇന്നത്തെ തിരക്കുപിടിച്ച മനുഷ്യനെ എന്തിനോടാണ്‌ നാം ഉപമിക്കുക ?.


എന്‍റെ ഈ ഉദ്യമത്തെ ഒരു പൊടിപിടിച്ച ആശയമായി കാണേണ്ട ആവശ്യമില്ല . ഞാന്‍ ഈ പറയുന്നത് നിങ്ങള്‍ക്ക് നേരിട്ട് ബോദ്യപ്പെടണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ  അടുത്തുളള ഒരു വൃദ്ധസദനം  സന്ദര്‍ശിച്ചാല്‍ മതി . പണ്ട് യൂറോപ്പിലൊക്കെ   പ്രായമായ മാതാപിതാക്കളെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രമുണ്ടെന്നു കേട്ടപ്പോള്‍ നാം അവരെ കുറ്റം പറഞ്ഞിരുന്നു ,, തന്തയെയും തളളയെയും മറക്കുന്നവരെന്ന് പറഞ്ഞ് . ഇപ്പോള്‍ നമ്മുടെ കൊച്ചു കേരളത്തിലെ വൃദ്ധസദനങ്ങളുടെ കണക്കെടുത്താല്‍ തന്നെ ഈ ചര്‍ച്ചയുടെ പ്രസക്തി നമുക്ക് മനസ്സിലാകും .

ഇങ്ങിനെ     അവഗണിക്കപ്പെടേണ്ടവരാണോ നമ്മുടെ മാതാപിതാക്കള്‍ ?. മാതാവിന്‍റെ കാലിന്‍റെ ചുവട്ടിലാണ് സ്വര്‍ഗം എന്നുപടിപ്പിച്ച നബിയുടെ അനുയായികളല്ലേ നമ്മള്‍ ? . മാതാപിതാക്കളോട് കാരുണ്യം ചെയ്യാനും , അവരോടു "ഛെ " എന്നൊരു വാക്ക്പോലും പറയരുതെന്നും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു. മാതാപിതാക്കളെ അവഗണിക്കുന്ന മക്കള്‍ക്ക്‌ അളളാഹു കാരുണ്യം ചെയ്യാതെ പോകട്ടെ എന്ന നബിയുടെ മറ്റൊരു പ്രാര്‍ത്ഥനയും നമുക്ക് മുന്‍പിലുണ്ട് .

പ്രായമായ മാതാപിതാക്കളെ  വേണ്ടെന്നു പറയുന്ന മക്കള്‍ അവരുടെ സമ്പാദ്യം വേണ്ടെന്നു വെക്കുന്നുണ്ടോ ?. ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കള്‍ക്ക് അഭയമേകുന്ന വൃദ്ധസദനത്തിന്‍റെ നടത്തിപ്പുകാരെ നമുക്ക് കുറ്റം പറയാനാവില്ല . അവര്‍ ചെയ്യുന്നത് ഒരു വലിയ സാമൂഹ്യ സേവനമാണ് . അത് കണ്ടില്ലെന്നു നടിക്കാന്‍ നമുക്കാവില്ല . 

വൃദ്ധസദനങ്ങളില്ലാത്ത  മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു പുതിയ തലമുറ വളര്‍ന്നുവരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം ...അതിനു വേണ്ടി പരിശ്രമിക്കാം ...
ഇത് സമൂഹത്തിന്‍റെ  ബാധഽതയാണെന്ന് നാം ഉള്‍പ്പെടുന്ന സമൂഹം മനസ്സിലാക്കണം . അതിനു ദൈവം നമുക്ക് കരുത്തുനല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ  ഞാന്‍ നിര്‍ത്തുന്നു .

എന്നെ വായിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി .............

No comments:

Post a Comment