Monday, February 28, 2011

എന്‍റെ കൂട്ടുകാരന്‍ .........

ഈ കഥയിലെ എന്‍റെ കൂട്ടുകാരന്‍ മറ്റാരുമല്ല .... എന്‍റെ സ്വന്തം അനിയന്‍ ( എളാപ്പാന്‍റെ  മകന്‍ ) തന്നെ . എന്നേക്കാള്‍ വെറും 15 ദിവസത്തിന് ഇളയതായ അവന്‍ പക്ഷെ വീട്ടുകര്‍ക്കിടയില്‍ തനി ബുദ്ധൂസായാണ് പെരുമാറാറ്. അവന്‍റെ ചെയ്തികള്‍ എനിക്ക് പലപ്പോഴും അനുഗ്രഹമായിരുന്നു , കാരണം ഞാന്‍ എന്തെങ്കിലും തെറ്റ് ചെയ്താലും അതവന്‍റെ മുകളില്‍ കെട്ടിവെക്കും .


ഒന്നില്‍ മുതല്‍ ഒന്നിച്ചായിരുന്നു ഞങ്ങളുടെ പഠനം ! സ്കൂളില്‍ പോകാതിരിക്കാന്‍ അവന്‍ പല വിദ്യകളും മയാജാലങ്ങളും കാണിക്കുമായിരുന്നു . രാവിലെ എണീറ്റ്‌ പാട വരമ്പിലൂടെ മദ്രസയില്‍ പോയി 9 മണിയോടെ വീട്ടില്‍ തിരിച്ചെത്തി കഞ്ഞി കുടിച്ച് വലിയ ഉണ്ടപ്പെട്ടിയും ചുമലിലേറ്റി വീണ്ടും സ്കൂളിലേക്ക് നടന്നു   പോകേണ്ട ഗതികേട് കൊണ്ടാണ് അവന്‍ ഇമ്മാതിരി തരികിടകള്‍ ഒപ്പിക്കുന്നത് . രാവിലെ മദ്രസയില്‍ പോകാതിരിക്കാന്‍  തന്‍റെ വലത്തേ കാല് കൂട്ടിപ്പിടിച്ച് ," എന്‍റെ കാല് നീരുന്നില്ലേ " എന്ന് പറഞ്ഞു അവന്‍ നിലവിളക്കും . അതോടുകൂടി അന്നത്തെ അവന്‍റെ ട്രിപ്പ്‌ ക്യാന്‍സല്‍ ആവും . പാവം ഞാന്‍ ഒറ്റയ്ക്ക് മദ്രസയില്‍ പോകേണ്ട ഗതികേട് , പക്ഷെ ഞാനുണ്ടോ വിടുന്നു .......... ! എന്നെ എന്‍റെ ഉമ്മ പറഞ്ഞു പേടിപ്പിക്കാറുളള ചിരട്ട മാലയും അടിയും ! കളളമടി കൊണ്ട് മദ്രസയില്‍ പോയില്ലെങ്കില്‍ ഉസ്താദും മറ്റു കുട്ടികളും ഒരുമിച്ച്  വീ ട്ടിലെത്തി ചിരട്ട മാലയിട്ടു മദ്രസയിലേക്ക് ആനയിക്കും പോലും ! പ്രാകൃതമായ ശിക്ഷ ! ഞാന്‍ ഇതിനെതിരെ രോഷം കൊളളാറുണ്ടായിരുന്നു. പക്ഷെ എന്ത് കാര്യം ! എന്‍റെ പരാതി  ആര് കേള്‍ക്കാന്‍ ? എന്‍റെ അനിയനല്ലാതെ ...........!


എന്‍റെ ഉമ്മയെ സമ്പന്തിച്ചിടത്തോളം സ്കൂളില്‍ പോയില്ലെങ്കിലും മദ്രസയില്‍ പോയേ തീരൂ ! കാരണം ഞാന്‍ മദ്രസയില്‍ പോയില്ലെങ്കില്‍ , ഇല്‍മ് ( മത പഠനം ) പഠിച്ചില്ലെങ്കില്‍ , അതിനു   നാളെ ഉമ്മ പടച്ചോനോട് മറുപടി പറയണം പോലും !. ഇല്‍മ് പഠിക്കാന്‍ പോയിട്ട് ദുല്‍മ് കളിക്കരുതെന്ന് എന്‍റെ ഉമ്മ എപ്പോഴും   എന്നെ ഉപദേശിക്കും .


മദ്രസയില്‍ എന്നും ഞാന്‍ ഒന്നാം സ്ഥാനക്കാരനയിരുന്നു. അനിയന്‍ അവസാന സ്ഥാനക്കാരനും ! അവന്‍റെ അപിപ്രായത്തില്‍ ഞാനും അവനും ഒരേ റാങ്ക് ആണ് ! എനിക്ക് മുന്നില്‍ നിന്നും അവനു ബേക്കില്‍ നിന്നും!. അവനതില്‍ പരാതി ഇല്ലായിരുന്നു, കാരണം   അവനെക്കൊണ്ട്‌ അത്രയൊക്കെയേ പറ്റൂ എന്നാ അവന്‍റെ വിചാരം .

പലപ്പോഴും സ്കൂളിലേക്കുളള വഴിയില്‍ കോട്ടി കളിച്ചിരുന്ന്  സ്കൂള്‍ സമയം തീര്‍ന്നെന്നുറപ്പാക്കി വീട്ടില്‍ തിരിച്ചെത്താറായിരുന്നു    പതിവ് . പക്ഷെ അതും ആരോ വീട്ടില്‍ ചോര്‍ത്തിക്കൊടുത്തു.

ആ ഇടക്കാണ്‌ അവനു അപ്പന്റ്റിക്സിന്‍റെ അസുകം വരുന്നതും ഒരു വര്‍ഷം വീട്ടിലിരിക്കേണ്ടി വരുന്നതും . അപ്പോഴേക്കും ഞാന്‍ അടുത്ത ക്ലാസ്സിലെത്തിയിരുന്നു . രോഗം മാറി അവന്‍ തിരിച്ചെത്തിയത്‌ പഴയതിനേക്കാള്‍ നല്ല തരികിടകളോടെയായിരുന്നു. ഞാന്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോള്‍  അവന്‍ എട്ടാം ക്ലാസ്സില്‍ തോറ്റിരുന്നു .

പത്തിലേക്ക് നേരിട്ടെത്താന്‍ തനിക്കു കഴിയില്ലെന്ന സത്യം മനസ്സിലാക്കിയ അവന്‍ സ്കൂള്‍ മാറി നേരിട്ട് പത്തില്‍ ചേര്‍ന്നു.അങ്ങിനെ എട്ടും ഒമ്പതും പാസ്സാകാതെ തന്നെ പത്തിലെത്താമെന്നു അവന്‍ തെളിയിച്ചു . ഞാന്‍ രണ്ടു വര്‍ഷം വെറുതെ കളഞ്ഞതില്‍ അവനും എനിക്കും സങ്കടം !

മൂന്നു പ്രാവിശ്യത്തെ നിതാന്ത പരിശ്രമം കൊണ്ട് അവന്‍ ഒരു വിധത്തില്‍ പത്താം ക്ലാസ്സ്‌ പാസ്സായി ചരിത്രം സൃഷ്ട്ടിച്ചു . ഞാനും വീട്ടുകാരും ടീച്ചര്‍മാരും അവനെ വാനോളം പുകഴ്ത്തി . പക്ഷെ അവനെ പ്ലസ്‌ടുവിനയച്ചു സമയവും പണവും കളയെണ്ടെന്ന് വീട്ടുകാര്‍ തീരുമാനിച്ചതിനെ ഞാനും അനുകൂലിച്ചു . കാരണം അവനു ഞാന്‍ പഠിച്ച കോളേജില്‍ തന്നെ പഠിക്കണം പോലും ! രണ്ടു വര്‍ഷം കഷ്ട്ടപ്പെട്ട് ഞാന്‍ ഉണ്ടാക്കിയെടുത്ത സല്‍പ്പേര് ഒരൊറ്റ ദിവസം കൊണ്ട് അവന്‍ പോളിച്ചടക്കുമെന്നു എനിക്ക് നല്ല ബോധഽമുണ്ടായിരുന്നു .   

ഏതോ മുജ്ജന്മ പുണ്യം കൊണ്ടാണ് ജയിച്ചു കയറിയതെന്ന വിചാരമൊന്നും അവനില്ല ! അവനു പഠിക്കണം പോലും ! പത്തു വര്‍ഷം കിട്ടിയിട്ട് ചെയ്യാത്ത പണി ഇപ്പോഴോ ?? എന്നാ പിന്നെ അവന്‍ വല്ല ടെക്നിക്കല്‍ കോഴ്സും പഠിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു . വീട്ടിലുളള എല്ലാ യന്ത്ര സാമഗ്രികളും കേടുവരുത്തി നന്നാക്കുന്നതില്‍ അവന്‍ മിടുക്കനായിരുന്നത് കൊണ്ട് ആ നറുക്ക് വീണു . പക്ഷെ ITC  യിലെത്തി വിവിധ കോഴ്സുകളുടെ വിലവിവരപ്പട്ടിക കണ്ട അവന്‍റെ ഉമ്മ ഞെട്ടി ! ഇത്രയും പണം മുടക്കി ഇവനെ ഈ കോഴ്സിനു ചേര്‍ക്കുന്നതിനു പകരം ഒരു പവന്‍ സ്വര്‍ണം വാങ്ങിയാല്‍ അവന്‍റെ തന്നെ പെങ്ങളെ കെട്ടിക്കാന്‍ ഉപകരിക്കുമെന്ന്  ഉമ്മ പറഞ്ഞു . പക്ഷെ അവനുണ്ടോ വിടുന്നു !

ആറ്റു നോറ്റ് ഒന്ന് പാസായപ്പോ ! അവന്‍ മുറുമുറുത്തു . അവസാനം ഗത്യന്ദര മില്ലാതെ ഏറ്റവും കുറഞ്ഞ ഫീസുളള പ്ലംബിങ്ങിനു ചേര്‍ത്ത് അവന്‍റെ ഉമ്മ തടിയൂരി .ക്ലാസിനു പോയിതുടങ്ങിയപ്പോഴാണ് പുളളിക്ക് കാര്യം പിടികിട്ടിയത് .ഇതൊരു ബാലികേറാമലയാണെന്ന സത്യം അവന്‍ തിരിച്ചറിഞ്ഞു .പക്ഷെ വീട്ടുകാരുണ്ടോ വിടുന്നു !. ക്ലാസിനു പോയി എന്നല്ലാതെ അത് പാസാകാന്‍ അവനു കഴിഞ്ഞില്ല . അത് ചോദിച്ചാല്‍ അവന്‍ പറയും " ഞാന്‍ ഉദ്ദേശിച്ചത് ഇലക്ട്രോണിക്സ് ആണെന്ന് ! പിന്നെ ഇംഗ്ലീഷൊന്നും അവനു മനസ്സിലാകുന്നില്ല പോലും !"

അങ്ങിനെ ആ ഉദ്യമം ഉപേക്ഷിച്ചു അവന്‍ ഒരു കടയില്‍ ജോലിക്ക് കേറി . എനിക്കുളള എല്ലാ പരിപാടികള്‍ക്കും ഞാന്‍ അവനെ കൊണ്ട് പോകുമായിരുന്നു  . എന്താ അനിയന്‍ ചെയ്യുന്നതെന്ന ചോദ്യത്തിന് അവന്‍ തന്നെ കയറി മറുപടി പറയും " ഞാനിപ്പോ ഡിഗ്രി സെകന്റ് ഇയറാ" . നീ എന്തിനാ കളളം പറയുന്നതെന്ന് ചോദിച്ചാ അവന്‍ പറയും " നിനക്ക് മോശമാകേണ്ട എന്ന് കരുതിയാണെന്ന് "

ഒന്ന് രണ്ടു വര്‍ഷത്തിനു ശേഷം അവനും വന്നു വിസ ! അങ്ങ് ദുഫായിലോട്ട്! അവനു തീരെ താല്‍പ്പര്യമില്ല . പക്ഷെ വേറെ നിവൃത്തിയില്ലെന്ന് അവനറിയാം . പഠിച്ചതോ  ഇല്ല , ഇനി രണ്ടു പെങ്ങന്മാരെ കൂടി കെട്ടിച്ചയക്കാന്‍ അവന്‍ പോയെ തീരൂ ! അതവനറിയാം. അങ്ങിനെ എന്‍റെ എല്ലാമെല്ലാമായ അവനും എന്നോട് ബൈ പറഞ്ഞു പറന്നു പോയി ! 


ഇപ്പൊ അവന്‍ ഷൈകിന്‍റെ PA   ആണെന്നൊക്കെയാണ് പറയാറ്‌. അവന്‍റെ കീഴില്‍ 20   ഓളം ജോലിക്കാരുണ്ട്   പോലും ! അപ്പൊ എന്താ നിന്‍റെ പണി എന്ന് ചോദിച്ചപ്പോ അവന്‍ പറയാ " ഞാന്‍ ഈത്തപ്പനയില്‍ കയറി ഈത്തപ്പഴം പറിക്കും എന്‍റെ കീഴെ ഉളള 20  ആളുകള്‍ അത് പെറുക്കിയെടുക്കും " !.അവന്‍റെ കീഴില്‍ 20  ആളുകള്‍ ഉണ്ടെന്നു പറഞ്ഞത് ഇതാണ്  പോലും!



           

                   

No comments:

Post a Comment